സഹന ശക്തി ഉള്ളൊരു മാത്രം നോക്കുക..

warning:പ്രാകല്ലേ വായിച്ചിട്ട്



31.7.10

മധുരമാം ഓര്‍മ്മകള്‍..

ഉച്ചക്ക് പതിവുപോലെ ഓഫിസിലെത്തി.. പതിവ് പോലെ ആദ്യം ആരെങ്കലും പുതിയ മെയില്‍ വല്ലതും അയച്ചിട്ടുണ്ടോ എന്ന്  നോക്കിയപ്പോള്‍ ഒരു മെയില്‍ വന്നിട്ടുണ്ട് .. ഒരു സുഹൃത്ത് അയച്ചതാണ്  . ആകെ സന്തോഷം തോന്നി അത് തുറന്നപ്പോള്‍.. ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെങ്കിലും ഒരു പാട് ഓര്‍മ്മകള്‍ സമ്മാനിച്ച കുട്ടിക്കാലം ഓര്‍മയില്‍ കൊണ്ട് വന്ന ഒരു പിടി മനോഹര ചിത്രങ്ങള്‍.. അതിലുണ്ടായിരുന്നു.. മനസ്സിനുള്ളില്‍ ഒരു പാട് പഴയ ഓര്‍മ്മകള്‍ ഒരുമിച്ചു കൊണ്ട് വരാന്‍ സാധിച്ചു അതിന്.. അപ്പോളാണ് അതിലെ ചിത്രങ്ങളില്‍ എനിക്ക് പറയാനുള്ള കുറെ ഉണ്ടെന്നു തോന്നിയത്.. അതിനുള്ള ഒരു ശ്രമം ആണ് ഈ എഴുത്ത് ... 


*ആദ്യമായി അച്ഛന്റെ കൈപിടിച്ച് സ്കൂളില്‍ പോയ ദിവസം ഇപ്പോളും ഓര്‍മയിലുണ്ട്..അന്ന് മഴയുണ്ടായിരുന്നു.വീടിനടുത്താണ് സ്കൂള്‍. ആദ്യമായ് വല്യ സ്കൂളില്‍ പഠിക്കാന്‍ പോന്നെന്റെ  കുറച്ചു പരിഭ്രമം ഇല്ലാതില്ല.. എന്നാലും പുതിയ പെട്ടിയും, കുടയും, സ്ലേറ്റും ഒക്കെയായി വല്യ ഗമയില്‍ തന്നെയാണ് പോയത്..ദൂരെ  നിന്നെ ആരുടെയോക്കെയോ  കരച്ചില്‍ കേക്കാമായിരുന്നു .. ഞാന്‍ കരഞ്ഞില്ല എനിക്ക് അധികം  വിഷമം ഇല്ലാരുന്നു..    ഏലിയാമ്മ സാറിന്റെ(ആണായാലും പെണ്ണായാലും എല്ലാരേം സാറ് എന്നാണ് ഞങ്ങള്‍  വിളിച്ചിരുന്നത്‌. ടീച്ചര്‍ വിളിയൊക്കെ +2 ഒക്കെ ആയപ്പോഴാണ് തുടങ്ങിയത് ) ക്ലാസ്സിലെ ആദ്യത്തെ ബെഞ്ചില്‍ തന്നെ ഇരിക്കാന്‍ സ്ഥലം  കിട്ടി . ആശാന്‍ പള്ളിക്കൂടത്തില്‍ ഒരുമിച്ചു പഠിച്ച അധികം ആരും ഉണ്ടായിരുന്നില്ല അവിടെ.അവരൊക്കെ വേറെ സ്കൂള്കളില്‍ പോയി  .. ആ ഒരു വിഷമം ഇല്ലാതില്ല.. ആകെ ആശ്വാസം സുമേഷും കൂടെ ഉണ്ടല്ലോ എന്നതാണ്.. രണ്ടു കൊല്ലം ആശാന്‍ പള്ളിക്കുടത്തില്‍ ഒരുമിച്ചു പഠിച്ച കൂട്ടുകാരെ വിട്ടു പോന്ന മടി കുറച്ചു ദിവസങ്ങള്‍ ക്കുള്ളില്‍ തന്നെ മാറി ക്കിട്ടി..  സ്ലേറ്റ്‌  തുടക്കാന്‍  മഷി തണ്ട് കടം തന്ന പ്രദീപിനെയും. മാങ്ങയും ഒക്കെ കൊണ്ട് വരുമ്പോള്‍  പാതി തന്നിരുന്ന അഭിലാഷിനേയും ഏറ്റവും അടുത്ത സുഹൃത്തുക്കളായി കിട്ടാന്‍  അധികം താമസം ഉണ്ടായില്ല..  ..  

 *.ബോര്‍ഡില്‍ രാവിലെ പേരെഴുതാന്‍ മത്സരമായിരുന്നു.ആദ്യം എത്തുന്നവര്‍ക്കാണ് ആ അവസരം ഉണ്ടായിരുന്നത്.. എനിക്കും വല്ലപ്പോളും ആ ഭാഗ്യം കിട്ടിയട്ടുണ്ട്.. പഠിക്കാത്തത്തിനു  ആ മേശക്കു അടുത്തേക്ക് വിളിച്ചാണ്  സാറ് അടിക്കുന്നതും.. തുടയില്‍ പിച്ചുന്നതും.. കണക്കു സാറിനെ അതോടെ പേടിയായി എല്ലാര്‍ക്കും..   ഉച്ചക്ക് കഞ്ഞി കുടിച്ച ക്ഷീണത്തില്‍ ക്ലാസ്സില്‍ ഉറക്കം തൂങ്ങിയത്തിനു സാറിന്റെ വക തല്ലു ഇടക്കൊക്കെ കിട്ടാന്‍ തുടങ്ങി.. സാറിന്റെ കയ്യിലെ ചോക്ക് കൊണ്ട് ഏറു കിട്ടുമ്പോള്‍ ഞെട്ടിയുണരുന്നവരുടെ മുഖത്തു മിന്നിമറയുന്ന ഭാവങ്ങള്‍  ബാക്കി ഉള്ളോര്‍ക്ക് ചിരിക്കാന്‍ വക നല്‍കുമായിരുന്നു .. ഇരുന്നുറങ്ങിയതിന്റെ പേരില്‍  അവര്‍ക്കൊക്കെ  അടി കിട്ടുമ്പോള്‍  നാളെ എനിക്കും അത് പോലെ കിട്ടുമെന്നും അപ്പോള്‍ മറ്റുള്ളോരു എന്നെ നോക്കി ഇതേ പോലെ ചിരിക്കുമെന്നും  ഓര്‍ക്കാതെ  ഞാനും പൊട്ടി ചിരിക്കുമായിരുന്നു..  *


*ഡസ്റ്റര, ബോര്‍ഡില്‍ എഴുതുന്നത്‌ മായിക്കാന്‍ മാത്രമല്ല . ഉറക്കം തൂങ്ങികളെ എറിയാനും ഈ ഡസ്റ്റര സാറ്മ്മാര്‍ ഉപയോഗിച്ചിരുന്നു..  
ക്ലാസ്സിലെ ലീഡര്‍ ക്കായിരുന്നു ആ ഭാഗ്യം എപ്പോളും,, ഡസ്റ്റര വെച്ചു സാറ് പോയി കഴിഞ്ഞു ബോര്‍ഡ്‌ തുടയ്ക്കുന്നത് അവന്റെ പണിയാണ്. അവനു അത് കൊണ്ട് വല്യ ആളാണെന്ന ഭാവം ആയിരുന്നു.. ക്ലാസ്സില്‍ ഒന്നാമത് ഇരിക്കുന്നതും അവനായിരുന്നു.. സാറില്ലാത്ത സമയം വര്‍ത്താനം പറയുന്നവരുടെ പെര്ഴുതി വെക്കലായിരുന്നു അവന്റെ അടുത്ത പ്രധാന പണി.. വര്‍ത്താനം പറഞ്ഞതിന്റെ പേരില്‍ സാറിന്റെ കയ്യീന്ന് തല്ലു കിട്ടല്‍ പതിവായപ്പോള്‍  ഞങ്ങള്‍ കുറെ പേര്‍ക്ക് അവനോടു അസുയ  ഉണ്ടാവാന്‍ തുടങ്ങി..  എന്ത് ചെയ്യാം അവന്‍ ഞങ്ങളെക്കാള്‍ പഠിക്കുമായിരുന്നു..  *


*ക്ലാസ്സില്‍ പഠിപ്പിക്കുമ്പോള്‍ വെളിയിലേക്ക് നോക്കിയിരിക്കുക പതിവായിരുന്നു .. പുറം കഴ്ച്ചകളോട് ഏറ്റവും താല്‍പ്പര്യം തോന്നുന്ന നിമിഷങ്ങള്‍ ഒരു പക്ഷെ ക്ലാസ്സില്‍ ഇരിക്കുമ്പോളാണ് കിട്ടുന്നത് എന്ന് എനിക്കിപ്പോള്‍ തോന്നി പോകുന്നു.. പുറത്തു എന്തൊക്കെ നടക്കുന്നുണ്ടാവും എന്ന് മനസ്സില്‍ ആലോചിച്ചു സാറ് പഠിപ്പിക്കുന്നതില്‍ ശ്രദ്ധിക്കാതെ സാറിന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്ന ഞാന്‍,, അത് മനസിലാകുന്ന സാറ്  പെട്ടന്ന് എന്തെങ്കിലും ചോദ്യം എന്റെ നേര്‍ക്ക്‌ ചോദിക്കുമ്പോള്‍ എന്ത് പറയണമെന്നറിയാതെ പകച്ചു നിക്കുന്നതും.. അതെ ചോദ്യം മറ്റൊരാളോട്  ചോദിക്കുമ്പോള്‍ അവന്‍ നേരാം വണ്ണം ഉത്തരം പറയുന്നതും കേട്ടു തല കുനിച്ചു നില്‍ക്കുന്ന ഞാന്‍..സാറിന്റെ കയ്യില്‍ നിന്നും എനിക്ക്  ഇതിനു എത്ര അടി കിട്ടും എന്ന് ആകാംഷയോടെ കാത്തിരിക്കുന്ന ഉറ്റ സുഹൃത്തുക്കളുടെ മുഖത്തെ സന്തോഷവും എല്ലാം  ഇന്നലെ എന്ന പോലെ മനസ്സില്‍ തെളിഞ്ഞു വരുന്നു.. *
*ക്ലാസ്സിലെ പ്രധാന കല പരിപാടിയാണ് ഡസ്കിലും ബെഞ്ചിലും നമ്മുടെ പേരെഴുതി വെക്കുക എന്നുള്ളത്.നമ്മള്‍ ഇരിക്കുന്ന ഭാഗം നമ്മുടെ സ്വന്തം ആണെന്ന തോന്നല്‍ കൊണ്ടാണോ എന്നറിയില്ല . ഒന്നാം ക്ലാസ്സില്‍  ചെന്നപ്പോള്‍  തൊട്ടു തുടങ്ങിയ ഈ ശീലം കോളേജ് പഠനം തീരുന്നത് വരെ കൃത്യമായി ചെയ്യുമായിരുന്നു( ഇവടെ മാത്രമല്ല ക്ലാസ്സിലെ ചുവരുകളിലും , എന്തിനു മുകളിലെ ഉത്തരത്തിലും കഴുക്കോലിലും വരെ എന്റെ പേര് വളരെ പാട് പെട്ട് കേറി ഞാന്‍ എഴുതി വെച്ചിട്ടുണ്ട് )  .. പേരെഴുതല്‍ മാത്രമല്ല ആരേലും കഷ്ടപ്പെട്ടെഴുതിയ പേരിന്റെ ഇടക്കുള്ളതോക്കെ ചുരണ്ടി കളഞ്ഞു അത് വേറെ അര്‍ത്ഥമുള്ള പേരാക്കി മാറ്റുന്നതും സ്ഥിരം പരിപാടി ആയിരുന്നു. ഇതിന്റെ പേരില്‍ ഇടയ്ക്കു ചെറിയ കശപിശകള്‍ വരെ ക്ലാസ്സില്‍ ഉണ്ടാവാറുണ്ട് ..   ഇത് വരെ പഠിച്ച ക്ലാസ്സുകളിലെ ഏതേലും ബെഞ്ചിലോ ഡസ്കിലോ ഇപ്പോളും എന്റെ പേര് മായാതെ ഉണ്ടാകുമോ? *

*ഉച്ചക്ക് വേഗം കഞ്ഞി കുടിച്ചിട്ട് കളിയ്ക്കാന്‍ കള്ളനും പോലീസും കളിയ്ക്കാന്‍ വേണ്ടി ഓടുമായിരുന്നു..  എന്നും ഞങ്ങള്‍ കുറെ പേര്‍ കള്ളന്മാരായിരുന്നു.. ലീഡറും അവന്റെ കൂട്ടുകരുംയിരുന്നു എന്നും പോലീസ്.. കിട്ടിയാല്‍ ഇടിയാണ്.. അത് പേടിച്ചു ഓടഡാ  ഓട്ടമായിരുന്നു.. പക്ഷെ ക്ലാസ്സിലെ എന്ന പോലെ തന്നെ അതിലും അവന്റെ മുന്നില്‍ ഞങ്ങള്‍ക്ക് തോല്‍വി തന്നെ ആയിരുന്നു മിക്കപ്പോളും.. പാത്തിരിപ്പ്  കളിക്കുമ്പോഴും , ഞോണ്ടി തൊടീല് കളിക്കുമ്പോഴും  എല്ലാം ഇടക്കൊക്കെ ഞങ്ങള്‍ ജയിക്കുന്നോണ്ട് അവനെപ്പോഴും  താല്‍പ്പര്യം പോലീസും കള്ളനും തന്നെ ആയിരുന്നു..ഇടക്കൊക്കെ തമ്മില്‍ കളിക്കിടയില്‍ അടി വെക്കുക പതിവായിരുന്നു. (ഇടയ്ക്കു ദേഷ്യം സഹിക്കാതെ അവനെ ഒരു വല്യ കല്ലെടുത്തെറിഞ്ഞതും  ഈ ഞാന്‍ തന്നെ ആരുന്നു. അവന്‍ കരഞ്ഞോണ്ട് സാറിനോട് പോയി പറഞ്ഞു.. കിട്ടി തുടക്കു തന്നെ നാല്  അടി !!!. എന്നാലും അവനിട്ട് ഒന്ന് കൊടുത്തപ്പോള്‍ ഞങ്ങള്‍ കുറെ പേര്‍ക്കിടയില്‍ ഞാനും ഒരു കൊച്ചു ഹീറോ ആയി ..  )..   കളിയൊക്കെ കഴിഞ്ഞു ഇട്ടിരിക്കുന്ന തുണിയൊക്കെ വൈകിട്ട് വീട്ടില്‍ ചെല്ലുമ്പോഴേക്കും ഒരു പരുവമായിരുന്നു.. എന്റെ  തുണി കഴുകുമ്പോള്‍ പാടത്തെ പണിക്കായി പോന്നോര്ടെ ദേഹത്ത് അത്രയും ചെളി കാണില്ലന്നു അമ്മ  പറയുന്നത് കേള്‍ക്കാത്ത ദിവസങ്ങള്‍ ചുരുക്കം ആയിരുന്നു..  *

*മഴക്കാലം സ്കൂള്‍ വിട്ടു വരുമ്പോള്‍ കുടയുണ്ടെങ്കിലും അത് ചൂടാതെ മൊത്തം മഴയും നനഞ്ഞു വീട്ടിലെത്തുമ്പോള്‍ അമ്മുമ്മ ഓടി വന്നു തലതോര്‍ത്തി തരുമായിരുന്നു..  മഴ നനയരുതെന്നു  എത്ര പറഞ്ഞാലും ഞാന്‍ കേട്ടിരുന്നില്ല.(മഴ അന്നും ഇന്നും നനയുന്നത് എനിക്കിഷ്ടമാണ് ) . വല്ല പനിയെങ്ങനും പിടിച്ചു കിടപ്പാകുമോ എന്ന പേടിയായിരുന്നു വീട്ടുകാര്‍ക്ക്(പനീ  പിടിച്ചാല്‍ സ്കൂളില്‍ പോകണ്ടല്ലോ എന്നാണ് എന്റെ മനസ്സിലിരുപ്പ് . അതവര്‍ക്കറിയില്ലല്ലോ ) .. വീട്ടിലെത്തിയാല്‍ അടുത്ത പണി നേരെ വീടിന്റെ അടുത്തുള്ള കുളത്തിലെ വെള്ളം പോങ്ങിയോന്നു പോയ്‌ നോക്കും .. മഴ പെയ്തു വെള്ളം കവിഞ്ഞു അടുത്തുള്ള ഇടവഴിയുടെ ഓരത്തു കൂടി അടുത്തുള്ള പാടത്തേക്കു ഒഴുകുമായിരുന്നു.. ആ തോട്ടിലെ വെള്ളത്തിലൂടെ പോകുന്ന പരല്‍  മീനുകളെ പിടിച്ചു കുപ്പിയലാക്കി വളര്‍ത്തിയിരുന്നു.(2 ദിവസം കഴിഞ്ഞു അത് ചത്ത്‌ പോകുമ്പോള്‍ അപ്പൂപ്പന്‍ വഴക്ക് പറയും).. പാടത്തെ കലുങ്കിനടിയിലൂടെ ഒഴുകുന്ന  തോട്ടില്‍ ആയിരുന്നു വെള്ളം പൊങ്ങിയാല്‍ എല്ലാരും കുളിക്കുന്നതും തുണി കഴുകുന്നതും .. അവധി ദിവസങ്ങളില്‍ രാവിലെ അവിടെ കുളിക്കാന്‍ പോന്ന  ആളിനെ ഉച്ചയായിട്ടും കാണാത്തത് കൊണ്ട് വീട്ടില്‍ നിന്നു അടിക്കാന്‍ വടിയുമായി ആരെങ്കിലും  വന്നാലെ അവിടുന്ന് പോയിരുന്നുള്ളൂ. 3 നേരം കുളിക്കാന്‍ വല്യ ഉത്സാഹമായിരുന്നു അന്ന് . ചൂണ്ടയിട്ടു മീന്‍ പിടിക്കാന്‍ പഠിച്ചതും  ആദ്യമായി നീന്താന്‍ പഠിച്ചതും ഒക്കെ  അവിടെ നിന്നായിരുന്നു.. ബഹറിനില്‍ നിന്നു വന്ന ബാബു വല്യ ഗമയില്‍ ഞങ്ങളെ കാണിക്കാന്‍ കലുങ്കിന്റെ മുകളില്‍ നിന്നു dive ചെയ്തു കാണിക്കാന്‍ വെള്ളം കുറവായ തോട്ടില്‍ ചാടി തലേം കുത്തി പോത്തോന്നു  വീണതും ഒക്കെ എങ്ങന മറക്കാന്‍ ഒക്കും ? *


*ബിജുവിന് അച്ഛന്‍ കുഞ്ഞിലെ സൈക്കിള്‍ വാങ്ങി കൊടുത്തിരുന്നു.. ഞങ്ങള്‍ക്ക് അവന്‍ അത് ചവിട്ടി നടക്കുന്നത് കാണുമ്പോള്‍ കൊതിയായിരുന്നു.. എന്ത് ചെയ്യാം അന്നൊക്കെ പഴയ ടയര്‍ എവിടുന്നേലും കിട്ടുന്നതും ഉരുട്ടി നടക്കാനായിരുന്നു ഞങ്ങടെ വിധി..പഴയ സൈക്കിള്‍ ടയര്‍ ആരുന്നു മിക്കവരുടെയും കയ്യില്‍. .അത് ഓടിച്ചുള്ള മത്സരങ്ങള്‍ വരെ ഞങ്ങള്‍ക്കുണ്ടായിരുന്നു..  .. ആയിടക്കു എനിക്ക് മാമന്‍ ഒരു സ്കൂട്ടര്‍ ടയര്‍ കൊണ്ട് തന്നു.. അപ്പോള്‍ ബാക്കി ഉള്ളോര്‍ക്ക്  ഞാനും ബിജൂനെ പോലായി .. ഒരു സൈക്കിള്‍ ഇല്ലേലും അതിനെക്കാള്‍ വലിയ സ്കൂട്ടറിന്റെ ചാട് ആണല്ലോ എന്റെ കയ്യില്‍ എന്നോര്‍ത്ത് എനിക്കും കുറച്ചു ഗമയൊക്കെ അന്ന് വന്നിരുന്നുവോ?   . അച്ഛന്റെ ഒക്കെ വലിയ  റബര്‍ ചെരുപ്പ്  വേഗം തേഞ്ഞു  തീരാന്‍ ആശയോടെ കാത്തിരിക്കുമായിരുന്നു.. അത് കളയുമ്പോള്‍ അതെടുത്തു വെട്ടി  ചാടുണ്ടാക്കി ഉരുട്ടിക്കൊണ്ട്‌ നടക്കും (അതിലും വിജയന്‍ ഞങ്ങളെ കടത്തി വെട്ടി .അവന്‍ ബാറ്ററി കൊടുത്തു ലൈറ്റ് ഉള്ള ചാടുണ്ടാക്കി. അവന്റെ ചാടിന്റെ മുന്നില്‍ ഞങ്ങള്‍ടെതൊക്കെ ഒന്നുമല്ലാതായി.)  .. അപ്പോളും ബിജു ഞങ്ങടെ മുന്നില്‍ സൈക്കിള്‍ ചവിട്ടി ഗമയില്‍ നടക്കും.. 50 പൈസ കൊടുത്താല്‍ കുറച്ചു നേരം അവന്‍ അത് ചവിട്ടാന്‍ തരും .. 50 പൈസക്ക് 5 മുട്ടായി കിട്ടുമ്പോള്‍ ആര്‍ക്കു വേണം അവന്റെ ഒരു സൈക്കിള്‍.. ഞങ്ങള്‍ക്ക് ഇത് തന്നെ ധാരാളം.. പോ പോ.. കീ കീ.. വണ്ടി വരുന്നേ എല്ലാരും മാറിക്കോ.. *
*ഇത് ഞങ്ങടെ സ്വന്തം രാജകീയ വാഹനം ആരുന്നു .. അടക്ക മരത്തിന്റെ പാള പഴുത്തു വീഴുമ്പോള്‍ അതെടുത്തു ഒരാളെ അതില്‍ കേറ്റിയിരുത്തി മറ്റെയാള്‍ വലിച്ചോണ്ട് നടക്കണം.. നിക്കറു കീറാന്‍ വേറെ വഴിയൊന്നും വേണ്ട ഇടയ്ക്കു ചന്തി താഴെയായി പോകും.. ഇടയ്ക്കു സ്പീട് കൂടിയാല്‍ മൂക്കും കുത്തി വീഴാനും അത് മതി.. അപ്പുപ്പന്‍  ഇത് കണ്ടാല്‍ അപ്പോള്‍ ബഹളം തുടങ്ങും .. ആര് കേക്കാന്‍ .. ഒന്ന് വീണാല്‍  ഇപ്പൊ എന്ത് പറ്റും  അല്ലെ? 

*ബിജുവിന്റെ സൈക്കിള്‍ ഇടക്കൊക്കെ സൈക്കിള്‍ ചവിട്ടാനുള്ള കൊതികൊണ്ട്  50 പൈസ കൊടുത്തു വാങ്ങും .. എന്നാലും ചവിട്ടാന്‍ അറിയില്ല. സൈക്കിള്‍ ടയര്‍ ഓടിക്കുന്നത് പോലെ അല്ലല്ലോ ഇത്.. ബാലന്‍സ് വേണം . അവനും സുമേഷും , ജോമോനും  ഒക്കെ കൂടി എന്നെ 4 സൈഡില്‍ നിന്നു പിടിച്ചു കൊണ്ട്  സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിക്കാന്‍ തുടങ്ങി.. എവിടെ പഠിക്കാന്‍ അവരുടെ പിടി വിട്ടാല്‍ ഠിം!!(സുമേഷിന്റേം, ജോമോന്റെം അവസ്ഥയും ഇത് തന്നെ. ആകെ ഒരാശ്വാസം അതെ ഉള്ളു ). മാമന്റെ സൈക്കിള്‍ ഉരുട്ടാന്‍ പഠിച്ചു എന്നല്ലാതെ വല്യ പ്രയോജനം ഒന്നും അത് കൊണ്ട് ഉണ്ടായില്ല.. പതിയെ മാമന്റെ സൈക്കിള്‍ ഇടയ്ക്കൂടെ കാലിട്ട് ചവിട്ടാന്‍ പഠിച്ചു. ആദ്യത്തെ പോക്ക് നേരെ അടുത്തുള്ള കൈതക്കാട്ടിലാണ് അവസാനിച്ചത്‌. മുള്ള് കൊണ്ട് വേദന എടുത്തോ അപ്പോള്‍?. അത് സാരമില്ല ആരേലും കണ്ടാലാണ് പ്രശ്നം സൈക്കിള്‍ പിന്നെ തരില്ല.. ഒരു വിധത്തില്‍ സൈക്കിള്‍ പൊക്കി  എണീറ്റ്‌ ചുറ്റും നോക്കി . ഭാഗ്യം രെഞ്ചു  മാത്രമേ അത് കണ്ടുള്ളൂ..  ആരോടും പറയാതിരിക്കാന്‍ അവള്‍ക്കു മുട്ടായി വാങ്ങി കൊടുക്കമെന്നേറ്റു. .അവളതും വാങ്ങി തിന്നുവേം ചെയ്തു. ഈ  കാര്യം എല്ലാരോടും നടന്നു പറയുവേം ചെയ്തു.. അവളാര മോള് !! .. .. *


*അച്ഛന് മാത്രേ വീട്ടില്‍ വാച്ച് ഉണ്ടായിരുന്നുള്ളൂ.. അതും പഴയ HMT (അന്നത്തെ പുലിയാണ്). അത് പോലൊരെണ്ണം എന്നേലും എനിക്കും കിട്ടും എന്ന് പ്രതീക്ഷ അന്നേ ഉണ്ടായിരുന്നു.. ഏതു ഉത്സവത്തിന്‌ പോയാലും പ്ലാസ്റ്റിക്‌ കളിപ്പാട്ടം വാച്ച് കരഞ്ഞു മേടിപ്പിക്കും..  കയ്യില്‍ പേന വെച്ചു നല്ല വണ്ണം വാച്ച് വരയ്ക്കാന്‍ അറിയവുന്നോണ്ട്  ഞാനും ക്ലാസ്സിലെ ഒരു കൊച്ചു ഹീറോ ആയിരുന്നു.. ഓലക്കാല്‍ കൊണ്ട് വാച്ച് ഉണ്ടാക്കി ആദ്യം തന്നത് മാമന്‍ ആണെന്ന് തോന്നുന്നു.. അത് കെട്ടി hmt കിട്ടാത്ത സങ്കടം മറന്നിരുന്നു.. അതുണ്ടാക്കാന്‍ പഠിച്ചിട്ടു ഗമയില്‍ മറ്റുള്ളോര്‍ക്ക് അതുണ്ടാക്കി കൊടുത്തിരുന്നു..*




തല്ക്കാലം നിര്‍ത്താന്‍ തീരുമാനിച്ചു..  എഴുതിയാല്‍ തീരില്ല.. അത്രത്തോളം ഉണ്ട് ..

 ഇത്രയുമൊക്കെ എന്നെ കൊണ്ട് എഴുതാന്‍ തോന്നിപ്പിച്ച  മെയില്‍ അയച്ച പ്രിയ സുഹൃത്തിന് ഞാനീ എഴുതിയതൊക്കെ സമര്‍പ്പിക്കുന്നു..  ( ഓസ്സിനു കിട്ടുന്നതല്ലേ വേണേല്‍ വാങ്ങിച്ചോടാ ഊവ്വേ ,, )





1 comment:

Anonymous said...

nooranadande ormakal vayichapo ente kuttikalam orma vannu..pics ellam adipoli..